കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കം വഴിയെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കത്തിലൂടെയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹോം ക്വാറന്റൈൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണം. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കൊവിഡ് വരുന്ന അവസ്ഥയാണ്.
ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡിസിസികൾ ലഭ്യമാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം.
രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കൊവിഡ് എത്താതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.