1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ; നാല് ജില്ലകളിൽ രോഗബാധിതരുടെ എണ്ണം നൂറിന് മുകളിൽ
സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ദിനംപ്രതി വൻവർധന. ഇന്ന് സ്ഥിരീകരിച്ച 1083 കേസുകളിൽ 902 എണ്ണവും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ഇതിൽ ഉറവിടം അറിയാത്ത 71 കേസുകളുമുണ്ട്.
നാല് ജില്ലയിൽ ഇന്ന് നൂറിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു. 242 പേർക്കാണ് ജില്ലയിൽ രോഗബാധ. എറണാകുളത്ത് 135 പേർക്കും മലപ്പുറത്ത് 131 പേർക്കും ആലപ്പുഴയിൽ 126 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 122 പേർക്കും മലപ്പുറത്ത് 118 പേർക്കും ആലപ്പുഴയിൽ 75 പേർക്കും കാസർകോട് 85 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തൃശ്ശൂരിൽ 55, കണ്ണൂർ 29, കൊല്ലം 25, പാലക്കാട് 23, കോട്ടയം 22, പത്തനംതിട്ട 17, വയനാട് 16 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സമ്പർക്ക രോഗികൾ. 16 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പേർ തിരുവനന്തപുരത്താണ്. കോഴിക്കോട് മൂന്ന് പേരും കാസർകോട് രണ്ടും വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോ ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്