Thursday, January 9, 2025
Kerala

ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം, പാഠഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂളിലെ അധ്യാപകൻ നിലത്തിരുത്തുകയും ചൂരൽ വടി ഉപയോഗിച്ച് തല്ലിയതും എന്നാണ് പരാതി. വിദ്യാർഥിനിക്ക് ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കുടുംബം പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ കുട്ടിയുടെ കൈയ്യിൽ ബോധപൂർവ്വം താൻ മർദിക്കാൻ ശ്രമിച്ചിട്ടില്ല എന്നാണ് അധ്യാപകൻ പൊലീസിന് നൽകിയ മൊഴി.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ആറന്മുള പൊലീസ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *