ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരിയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നതായി പരാതി
ഇടുക്കി ഉപ്പുതറയിൽ അഞ്ചാം ക്ലാസുകാരിയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്നതായി പരാതി. വിജനമായ തേയിലക്കാട്ടിൽ വെച്ചാണ് പെൺകുട്ടിയെ ആക്രമിച്ച് ബോധരഹിതയാക്കി ആഭരണങ്ങൾ കവർന്നത്. ഉപ്പുതറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് ഉപ്പുതറ ചപ്പാത്ത് വള്ളക്കടവിൽ ആണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും,വെള്ളി കൊലുസും കവർന്നു. മേരികുളം സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി അഞ്ചുമണിയോടെ വള്ളക്കടവിനു സമീപം ബസ് ഇറങ്ങി. ഇവിടെ നിന്നും പെൺകുട്ടി ഒറ്റക്കാണ് വീട്ടിലേക്ക് പോയത്. വീടിനു സമീപം വരെ ആൾ സഞ്ചാരം വളരെ കുറഞ്ഞ തേയിലക്കാടാണ്. സ്‌കൂൾ വിട്ട് വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ വല്യമ്മയാണ് തേയില കാട്ടിൽ ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ കണ്ടത്.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ചെരിപ്പും, ബാഗും റോഡിൽ കിടപ്പുണ്ടായിരുന്നു. ഉടൻ തന്നെ ആളുകളെ കൂട്ടി പെൺകുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഉപ്പുതറ പോലീസിൽ പരാതി നൽകി. പിന്നിൽ നിന്നും ആരോ വടികൊണ്ട് അടിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി എന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.