ബലാത്സംഗ കേസിൽ പ്രതിയായ സിഐക്ക് സസ്പെൻഷൻ, സിഐയെ സഹായിച്ച റൈറ്ററേയും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം : ബലാത്സംഗ കേസിൽനിന്ന് രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ പ്രതിയായ സിഐക്ക് സസ്പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മലയിൻകീഴ് പീഡനക്കേസിൽ പരാതി വന്നത്,
കടം നൽകിയ പണം തിരികെ ചോദിച്ചതിന്‍റെ പേരിലെന്ന് വരുത്താനാണ് ശ്രമിച്ചത്. ഇതിന്‍റെ പിൻബലത്തിൽ ജാമ്യം കിട്ടിയ സിഐ
മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സസ്പെൻഡ് ചെയ്തു
മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.