വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ഇത് കേരളചരിത്രത്തിലെ അപൂർവ സംഭവം
കസ്റ്റഡി മരണ പരാതി ഉയർന്ന വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക പരിഗണന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് കർശന നടപടി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാനിരിക്കുന്നതയേയുള്ളു. അതിന് മുമ്പാണ് മുഖ്യമന്ത്രി പിണറായിയുടെ അടിയന്തര ഇടപെടൽ. സംഭവവുമായി ബന്ധപ്പെട്ട് സജീഷ് എന്ന പൊലീസുകാരനെക്കൂടി ഇന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖലാ ഐജിയുടെ പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്നത് കസ്റ്റഡി മരണമാണെന്ന് ആരോപണം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
സംഭവത്തിൽ വടകര എസ്.ഐ ഉൾപ്പെടെ 3 പേരെ സസ്പൻഡ് ചെയ്തിരുന്നു. വടകര എസ്ഐ നിജേഷ്, എഎസ്ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഐജി രാഹുൽ നായർ ആണ് സസ്പെൻഷന് ഉത്തരവിട്ടത്.
യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മർദിച്ചെന്നാണ് ബന്ധു പറയുന്നത്. മർദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മർദനം അവസാനിപ്പിക്കാൻ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവൻ ആവർത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു പറഞ്ഞു.
വാഹനാപകട കേസിൽ കസ്റ്റഡിയിലെടുത്ത ആളെ മർദിക്കുന്നത് കണ്ട് സുഹൃത്തുക്കൾ ചോദ്യം ചെയ്തപ്പോൾ പൊലീസ് അവരെക്കൂടി മർദിക്കുകയാണ് ചെയ്തത്. എസ്‌ഐയും കോൺസ്ട്രബിളും ചേർന്ന് സജീവനേയും സുഹൃത്തുക്കളേയും മർദിച്ചെന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. മർദനമേറ്റപ്പോഴാണ് സജീവേട്ടന് നെഞ്ചുവേദനയുണ്ടായത്. ഇത് പൊലീസിനോട് പറഞ്ഞപ്പോൾ ഗ്യാസായിരിക്കും എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സ്റ്റേഷൻ വളപ്പിൽ തന്നെ കുഴഞ്ഞുവീണിട്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാനോ വാഹനം ഏർപ്പാട് ചെയ്യാനോ പൊലീസ് തയാറായില്ല’. ബന്ധു പറഞ്ഞു.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു. എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു.