വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു; ലോക്ക്അപ്പ് മർദനമെന്ന് ബന്ധുക്കൾ
വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. കല്ലേരി സ്വദേശി സജീവൻ ആണ് മരിച്ചത്. 42 വയസായിരുന്നു. ലോക്ക് അപ്പ് മർദനമാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷൻ വളപ്പിൽ തന്നെയാണ് ഇയാൾ കുഴഞ്ഞുവീണത്. ഇയാൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജീവൻ മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു. എന്നാൽ സജീവനെ ഉടൻ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിലെടുത്തയുടൻ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവൻ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകൾ പറഞ്ഞു.