പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരത്ത് പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മരിച്ച പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറിന്റെ ഭാര്യയുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കുടുംബകലഹത്തെ തുടർന്ന് കസ്റ്റഡിയിലെത്ത ഇയാളെ പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കൊണ്ടുപോയ സനോഫറിനെ മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അവർ പറഞ്ഞിരുന്നു
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.