അനുമതിയില്ലാതെയാണ് നാടകങ്ങളൊക്കെ കാട്ടിയത്’; സില്‍വര്‍ലൈനായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയതിനെതിരെ വി ഡി സതീശന്‍
സില്‍വര്‍ലൈനില്‍ കേന്ദ്ര അനുമതിയില്ലാതെ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനുമതിയില്ലാതെ ചെലവാക്കിയ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരികെപ്പിടിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്. ഒരു അനുമതിയും ഇല്ലാതെയാണ് സര്‍ക്കാര്‍ നാടകങ്ങള്‍ കാട്ടിയതെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു.
എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സാമൂഹികാഘാത പഠനത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ കാലാവധി ഒമ്പത് ജില്ലകളില്‍ തീര്‍ന്നിട്ടും സര്‍ക്കാര്‍ നിശബ്ദത തുടരുന്നത്. പഠനം തുടരണോ വേണ്ടയോ എന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. എന്നാല്‍ അനുമതി തരാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും അനുമതി തന്നാലേ മുന്നോട്ട് പോകൂവെന്നും മന്ത്രി കെ.എന്‍.ബാലഗോപാലും പ്രതികരിച്ചിരുന്നു.
അതേസമയം വിജ്ഞാപന കാലാവധി അവസാനിച്ചതിനാല്‍ സര്‍വെ നിലച്ചെന്ന് സര്‍വ്വേ ഏജന്‍സി വ്യക്തമാക്കുന്നു. കാലാവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുന്നുവെന്നും ഏജന്‍സി പറയുന്നു. ഇതിനിടെ പദ്ധതിയോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന എതിര്‍പ്പാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. പദ്ധതിയെ എതിര്‍ത്ത് കഴിഞ്ഞ ദിവസം കേന്ദ്രം ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.