‘ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്’; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ. പി. നദ്ദ
ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായി, എഐ ക്യാമറ – സർവകലാശാല വിവാദങ്ങൾ പരാമർശിച്ച് ജെ. പി. നദ്ദ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു മുഴം മുമ്പേ തുടക്കം കുറിക്കുകയാണ് ബിജെപി. പാർട്ടി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് ബൂത്ത് ഭാരവാഹികൾ മുതൽ മുകളിലേക്ക് ഉള്ളവരെ ഉൾപ്പടുത്തിയാണ് വിശാൽ ജനസഭ സംഘടിപ്പിച്ചത്. കേരളത്തിന്റെ ബൗദ്ധിക മുന്നേറ്റങ്ങളെ ഇടതു സർക്കാർ കായികമായി അടിച്ചമർത്തുകയാണെന്ന് ജെ. പി. നദ്ദ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികൾ എണ്ണി പറഞ്ഞ ജെ. പി. നദ്ദ, കേരളത്തിനായി സർക്കാർ നടപ്പിലാക്കുന്ന വികസ പദ്ധതികളെ സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നുവെന്ന് വിമർശിച്ചു.