കൊവിഡ് ചികിത്സക്ക് സൗകര്യമൊരുക്കാൻ സംസ്ഥാനത്ത് മൂന്ന് പ്ലാനുകൾ; വിശദീകരിച്ച് മുഖ്യമന്ത്രി
കൊവിഡ് രോഗികളുടെ എണ്ണം അനുസരിച്ച് ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാൻ എ, ബി സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായാണ് സജ്ജീകരണങ്ങൾ.
പ്ലാൻ എ പ്രകാരം കൊവിഡ് രോഗികളുടെ ചികിത്സക്കായി 14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. 29 ആശുപത്രികളിൽ കൊവിഡ് ചികിത്സക്കായി 8537 കിടക്കകൾ, 872 ഐസിയു കിടക്കകൾ, 482 വെന്റിലേറ്ററുകൾ നിലവിൽ തയ്യാറാക്കിയിട്ടുണ്ട്
രോഗികൾ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കൂടുതൽ ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും. രണ്ടാംനിര ആശുപത്രികളും സജ്ജമാക്കും. ഇത്തരത്തിൽ പ്ലാൻ ബി സി മുറയ്ക്ക് 15975 കിടക്കകൾ കൂടി സജ്ജമാക്കി. സാധ്യമായ എല്ലാ സൗകര്യവും നൽകാനാണ് സർക്കാരിന്റെ ശ്രമം.
സംസ്ഥാനത്ത് പത്ത് ലക്ഷം പേരിൽ 109 പേർക്ക് രോഗമുണ്ട്. രാജ്യത്താകെ ഇത് 362 ആണ്. സംസ്ഥാനത്തെ മരണനിരക്ക് 0.6 ശതമാനമാണ്. രാജ്യത്ത് 3.1 ശതമാനമാണ്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ ഇരുപതും മറ്റ് ഗുരുതര രോഗം ബാധിച്ചവരാണ്.