Monday, January 6, 2025
Kerala

കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം; വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതി ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 75-ഓളം സാക്ഷികളുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്.

പൊന്നാനി സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയൽവാസിയുടെ സാക്ഷിമൊഴിയും നിർണായകമായി. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിന്റെ സംശയം.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങൾ പ്രതി ഓൺലൈനിൽ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കൊലയ്ക്ക് പിന്നാലെ ആയുധങ്ങൾ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാർബർ ഷോപ്പിൽ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗിൽ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകി.

ശ്യാംജിത്തിന്റെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാൻ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാർഡുകൾ കണ്ടെടുത്തു. ബാഗിലുണ്ടായിരുന്ന കയർ മുറിയിൽ നിന്ന് കിട്ടി. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *