കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതി ഷിബിലി പോക്സോ കേസ് പ്രതി; 2021ൽ പരാതി നൽകിയത് ഫർഹാന
കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകാലത്തിൽ പിടിയിലായ മുൻ ജീവനക്കാരൻ ഷിബിലി പോക്സോ കേസ് പ്രതി. ഷിബിലിന് ഒപ്പം കസ്റ്റഡിയിലുള്ള ഫർഹാനയാണ് 2021ൽ പരാതി നൽകിയത്. ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിനെ ഈ മാസം പതിനെട്ടാം തിയതി ജോലിയോയിൽ നിന്നും പിരിച്ചു വിട്ടത് സ്വഭാവ ദൂഷ്യത്താലെന്ന് റിപ്പോർട്ട്. എല്ലാ വിധ, ആനുകൂല്യങ്ങളും നൽകിയാണ് ഷിബിലിനെ പുറത്താക്കിയത്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്ത ഷിബിലിയും ഫർഹാനയും കോഴിക്കോട് ഹോട്ടലുടമ താമസിച്ച ടൂറിസ്റ്റ് ഹോമിൽ ഒന്നാം നിലയിൽ റൂം എടുത്തിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇരുവരിലേക്കും എതാൻ സാധിച്ചത്.
കേസിൽ 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയും ഫർഹാനയുടെ സുഹൃത്ത് ആഷിക്കും നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. റൂമിൽ പെട്ടിയെത്തിച്ചത് ആഷിക്കാണ്. ഇതിനിടെ തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ മൃതദേഹം തള്ളിയെന്ന് കരുതുന്ന സ്യൂട്ട്‌കേസ് കണ്ടെത്തി.അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീർചാലുണ്ട്. അതിന്റെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.