Monday, January 6, 2025
Kerala

‘ഗാന്ധിജി മരിച്ചുവെന്നാണ് അവർ പറയുന്നത്, പക്ഷേ ഗാന്ധിജിയെ വെടിവെച്ചു കൊന്നതാണല്ലോ’; എൻസിഇആർടി സിലബസിനെതിരെ മന്ത്രി വി. ശിവൻകുട്ടി

എൻസിഇആർടി സിലബസിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗാന്ധിജി മരിച്ചുവെന്നാണ് അവർ പറയുന്നത്. പക്ഷേ ഗാന്ധിജിയെ വെടി വെച്ചു കൊന്നതാണെന്ന് എല്ലാവർക്കും അറിയാം. പരിണാമ സിദ്ധാന്തം അടക്കം പലതും NCERT സിലബസിൽ നിന്ന് ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു.

NCERT യുമായി ഒരു MOU ഉണ്ട്. MOU പ്രകാരം 44 പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി വിശദമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. അതിന് ശേഷമാണു ആവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കേരളത്തിന്റെ തീരുമാനം അറിയിക്കും. കരിക്കുലം കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായിരിക്കും. മുഖ്യമന്ത്രിയുമായും വിഷയം ചർച്ച ചെയ്യും. ചരിത്രത്തെ മാറ്റുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ സംസ്ഥാന സിലബസിൽ പഠിപ്പിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. മുഗൾ ചരിത്രം, ഗുജറാത് കലാപം ഉൾപെടെയുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. എസ് സി ഈ ആർ ടി ഇതിനായി സപ്ലിമെന്ററി പാഠപുസ്തകം അച്ചടിച്ച് പുറത്തിറക്കുമെന്നും ചൊവ്വാഴ്ച ചേർന്ന കരികുലം കമിറ്റി യോഗത്തിൽ തീരുമാനമെടുത്തു. യോഗത്തിൽ പാഠഭാഗങ്ങൾ വെട്ടിയ കേന്ദ്ര നടപടിയ്ക്കെതിരെ ശക്തമായ വിമർശനം ഉയരുകയും ചെയ്തു.

മൗലാനാ അബ്ദുൽ കലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, മുഗൾഭരണകാലം, ഗാന്ധിവധം, ആർ എസ് എസ് നിരോധനം, ഗുജറാത് കലാപം തുടങ്ങിയ വിഷയങ്ങൾ സാമൂഹിക പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെ പത്താം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *