Thursday, October 17, 2024
Kerala

എഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ കള്ളം; ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്നതും തെറ്റ്

എ.ഐ ക്യാമറാ വിവാദത്തിൽ കെൽട്രോണിന്റെ വാദങ്ങൾ ഓരോന്നായി പൊളിയുന്നു. ഫെസിലിറ്റി മാനേജ്മെൻ്റിനായി 81 കോടി രൂപ മാറ്റിയെന്ന കെൽട്രോൺ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഒരു ക്യാമറയ്ക്ക് 4 ലക്ഷം രൂപ ചിലവായെന്ന വാദവും തെറ്റെന്ന് രേഖകൾ തെളിയിക്കുന്നു.

ക്യാമറ പദ്ധതിക്കായി 232 കോടി രൂപ ചിലവായെന്ന സർക്കാർ വാദവും പൊളിയുകയാണ്. സേഫ് കേരളയുടെ ഈ പദ്ധതിക്കായി 151 കോടി മാത്രമാണ് ചിലവായതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 151 കോടിക്ക് പുറമേ 81 കോടി രൂപ കുടി ഫെസിലിറ്റി മാനേജ്മെൻ്റിന് മാറ്റി എന്നായിരുന്നു കെൽട്രോൺ നിലപാട്. എന്നാൽ ഫെസിലിറ്റി മാനേജ്മെൻറ് ഉൾപ്പെടെയാണ് 151 കോടിക്ക് എസ്ആർഐ റ്റിക്ക് കരാർ നൽകിയത്. കൺട്രോൾ റൂം സംവിധാനം ഉൾപ്പെടെ സജ്ജമാക്കിയതും ഇതേ 151 കോടി രൂപയിൽ നിന്നാണ്. ഇതിൽനിന്നുള്ള ലാഭത്തിന്റെ 60% പ്രസാഡിയോക്കെന്നും കരാറിൽ പറയുന്നു.

എ.ഐ ക്യാമറ ഒന്നിന് നാല് ലക്ഷം ചിലവായി എന്നായിരുന്നു മറ്റൊരു വാദം. ക്യാമറ വാങ്ങിയത് 1,23,000 രൂപയ്ക്ക് എന്നതിനും തെളിവുകൾ പുറത്തുവന്നു. പദ്ധതിക്കായി 82.87 കോടി രൂപ മതിയാകും എന്ന് കരാർ എടുത്ത കമ്പനികളും പറയുന്നു. ഇതിനായി കരാർ ഒപ്പിട്ട ദിവസം തന്നെ പർച്ചേസ് ഓർഡറും നൽകി.

എ.ഐ ക്യാമറ പദ്ധതി കെൽട്രോണിന്റേതാണെന്ന സർക്കാർ അവകാശവാദവും പൊളിയുകയാണ്. എസ് ആർ ഐ ടിക്ക് പുറമേ ആറു സ്വകാര്യ കമ്പനികൾക്ക് കൂടി കെൽട്രോൺ ഉപകരാറുകൾ നൽകിയിട്ടുണ്ട്. അടിമുടി ദുരൂഹതയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. സർക്കാരിന്റെ വെബ്സൈറ്റുകളിലും ഇത് സംബന്ധിച്ച രേഖകൾ ഇല്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published.