കെൽട്രോണിന്റെ പ്രവർത്തനം ദിശാബോധമില്ലാതെ, പ്രതാപത്തിലേക്ക് തിരിച്ചെത്തണം; മുഖ്യമന്ത്രി
കെൽട്രോൺ പ്രവർത്തനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയാണ് നടക്കുന്നത്. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോണിന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ട്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ 2024 ൽ കെൽട്രോൺ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് പരിപാടിയിൽ സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
നല്ല നിലയിൽ കെൽട്രോൺ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സാധ്യമായത് കുറച്ച് നാളത്തെ ആസൂത്രണം കൊണ്ടാണ്. മുൻപ് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും അഴ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്നത് മറക്കരുത്. പുതിയ മേഖലകളിലേക്ക് കെൽട്രോൺ കടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.