ഇ.പി. ജയരാജൻ ജാഥാ അംഗമല്ല; അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം; എം വി ഗോവിന്ദൻ
എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സിപിഐഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ പി ജയരാജൻ ജാഥാ അംഗമല്ല. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാം . ജാഥാ ലീഡറും ജാഥാ അംഗങ്ങളും മാത്രമാണ് ഇവിടെ പ്രസംഗിക്കുന്നത്.
വിവാദങ്ങൾ പ്രശ്നമല്ലെന്നും ജനങ്ങൾ വിവാദങ്ങളൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ കളകളെയും പറിച്ചുനീക്കും. തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടുപോകും. ജാഥയ്ക്ക് ആളെക്കൂട്ടാൻ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലൈഫ് മിഷൻ അഴിമതി ആരോപണങ്ങളിലും എം വി ഗോവിന്ദൻ മറുപടി നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒറ്റ ഫ്ളാറ്റിലാണ് അഴിമതി. അല്ലാതെ പദ്ധതിയിൽ മുഴുവനായി തട്ടിപ്പാണെന്ന് പറയുന്നത് തെറ്റാണ്. സർക്കാരിന്റെ പൈസ പോലുമല്ല അതിലുള്ളത്. വിഷയം പാർട്ടി പരിശോധിക്കേണ്ട കാര്യവുമില്ല. തങ്ങൾക്കാരെയും സംരക്ഷക്കേണ്ട കാര്യവും ഉത്തരവാദിത്തവുമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ജനകീയ പ്രതിരോധ ജാഥ കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് മലപ്പുറത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏഴാമത്തെ ദിവസത്തേക്ക് കടക്കുന്ന ജാഥ കാസർഗോഡ് നിന്ന് ആരംഭിച്ച് നാല് ജില്ലകളിലിൽ പര്യടനം പൂർത്തിയാക്കിയാണ് ഇന്ന് അഞ്ചാമത്തെ ജില്ലയായ മലപ്പുറത്തേക്ക് പ്രവേശിച്ചത്.