കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി; സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി സര്‍ക്കാര്‍ അനുവദിച്ചെങ്കില്‍ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യ വകുപ്പ് ഇതുവരെ കെഎസ്ആര്‍ടിസി അപേക്ഷ പരിഗണിച്ചില്ലെന്നാണ് വിവരം.
കഴിഞ്ഞ മാസവും എട്ടാം തീയതിക്കുശേഷമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തത്. ശമ്പളം വൈകുന്നതിലും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിലും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍.
തുടര്‍ച്ചയായി ശമ്പളവിതരണം മുടങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ദുരിതം ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് 80 കോടി നല്‍കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവെത്തിയത്. എന്നാല്‍ ഉത്തരവിറങ്ങിയെങ്കിലും നടപ്പാക്കിയിട്ടില്ല. കൊവിഡിനെ തുടര്‍ന്ന് സര്‍വീസ് വെട്ടിച്ചുരുക്കിയ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെന്‍ഷനും നല്‍കുന്നത് സര്‍ക്കാരാണ്.
സര്‍ക്കാര്‍ അനുവദിച്ച എണ്‍പത് കോടി രൂപ നിലവിലുള്ള നടപടിക്രമങ്ങള്‍ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മന്റ് അറിയിച്ചെങ്കിലും പാഴ്‌വാക്കായി. പെന്‍ഷന്‍ വിതരണവും ഇതോടൊപ്പം നടത്തും എന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിരുന്നു.