കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കൾ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
കൊച്ചിയിൽ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗർഭിണി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. എം ഡി എം എ, എൽ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയിൽ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്.
ഗർഭിണിയായ അപർണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവർ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത്. രണ്ടാഴ്ചയോളമായി ഇവർ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
മാരക മയക്കു മരുന്ന് ഉൾപ്പടെ അഞ്ചു തരം ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്.
7.45 ഗ്രാം എംഡിഎംഎ, 2.37 ഗ്രാം ഹാഷിഷ് ഓയിൽ, ആറ് എൽഎസ്ഡി സ്റ്റാമ്പുകൾ ,നൈട്രോ സ്പാം ഗുളികകൾ, 48 ഗ്രാം കഞ്ചാവ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്ക് ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയത്, ഇവർ വില്പന നടത്തിയത് ആർക്കൊക്കെ എന്നും സൂചന ലഭിച്ചിട്ടുണ്ട്. മൂവരെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ചേരാനെല്ലൂർ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.