‘ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആര്‍എസ്എസ് ചെയ്യുന്നത്’;കേരളത്തില്‍ ഇത് വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി
ഭരണഘടനാ സംരക്ഷണം വര്‍ത്തമാന കാലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനായി ഭരണഘടനയുടെ അടിവേരറുക്കുന്ന പ്രവൃത്തിയാണ് ആര്‍എസ്എസ് ചെയ്തുവരുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇപ്പോള്‍ തങ്ങളുടെ കൈയിലുള്ള കേന്ദ്ര ഭരണാധികാരത്തിന്റെ പേരില്‍ ഭരണഘടനയെ ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്നയിടം എന്നത് തന്നെയാണ് റിപ്പബ്ലിക്കിന്റെയും സാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാതിവിവേചനത്തിന്റെയും മതവിദ്വേഷത്തിന്റെയും ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനയ്ക്ക് ശേഷിയുണ്ട്. ആ ചങ്ങല പൊട്ടിക്കാനുള്ള ആയുധമാണ് ഭരണഘടന. എന്നാല്‍ നാം അത് എത്ര ഉപയോഗിച്ചു എന്ന കാര്യം സംശയമാണ്. ജാതി മത ചിന്തയുടെ ചങ്ങല പൊട്ടിക്കാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. മതവിദ്വേഷം ഏതൊക്കെ രീതിയില്‍ രാജ്യത്തെ ശിഥിലീകരിക്കുമെന്ന് നാം കണ്ടതാണ്. ഗാന്ധിജിയുടെയും അംബേദ്കറുടെയും മൂല്യങ്ങള്‍ തുടച്ച് മാറ്റാനാണ് ശ്രമം നടക്കുന്നത്. ഗാന്ധിജി വധം എന്നത് ഗാന്ധിജിയുടെ മരണം എന്ന് പാഠപുസ്തകങ്ങളില്‍ മാറ്റി തുടങ്ങിയിരിക്കുന്നു. ഭരണഘടനാ ശില്‍പ്പിയല്ല അംബേദ്കറെന്ന് പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ഹിന്ദുവിന് വിപരീതം മുസ്ലീം എന്ന് ചിലയിടങ്ങളില്‍ പഠിപ്പിച്ച് തുടങ്ങിയരിക്കുന്നു. ഗാന്ധിജിയെയും അംബേദ്കറേയും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഗുരു വചനത്തിന്റെ പ്രസക്തി വീണ്ടും പഠിപ്പിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം അയ്യങ്കാളി മുഴക്കിയ ഹാള്‍ അയ്യങ്കാളി ഹാള്‍ ആയത് വെറുതെയല്ല. ബോധപൂര്‍വം പുനര്‍നാമകരണം ചെയ്തതാണ്. നമ്മുടെ സ്വാതന്ത്ര്യം ആരെങ്കിലും ദയാവായ്പ്പ് കൊണ്ട് ദാനം തന്നതല്ല. നാം പൊരുതി നേടിയതാണ്. ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരും. ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവര്‍ തന്നെ ഭരണഘടനയെ എതിര്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു. അത് ആപത്താണ്. ഭരണഘടനയെ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഭേദഗതി വരുത്താനും അവകാശമുള്ളതാണ് ലെജിസ്ലേച്ചറിയും ജുഡീഷ്യറിയും, എക്‌സിക്യൂട്ടീവും.പക്ഷേ അത് അനിയന്ത്രിതമായ അവകാശമല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതു വഴി മതേതരത്വം അട്ടിമറിക്കുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരേ കുറ്റത്തിന് മതാടിസ്ഥാനത്തില്‍ വ്യത്യസ്ത ശിക്ഷ നടപ്പാക്കുന്നു. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ നിലകൊള്ളുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടങ്ങി വെച്ച വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.