ബിജെപി നീക്കം ഫലം കണ്ടു, സർക്കാർ ജീവനക്കാർക്കെതിരെ നടപടി ഉണ്ടായതിൽ സന്തോഷം: കെ സുരേന്ദ്രൻ
രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരായ നടപടിക്ക് ജീവൻ വച്ചതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി. ജെ. പി തുടങ്ങിവെച്ച നീക്കങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. ഇതവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ.
ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നത്. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി. ജെ. പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാൻ.
രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്കുനൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ഗവർണർക്ക് പരാതി നൽകിയത്.
സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽ സമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.