Saturday, October 19, 2024
Kerala

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

 

തിരുവനന്തപുരം: സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊല്ലായില്‍ ഗവ. എല്‍.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക മികവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആധുനിക ജീവിതത്തിനും തൊഴില്‍ കമ്പോളങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുയോജ്യമായ രീതിയിലേക്കെത്താന്‍ ഓരോ കുട്ടിയും പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മുന്‍പന്തിയിലാണെന്നും ഏവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടും എസ്.എസ്.കെ ഫണ്ടും ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന് 1.52 കോടി രൂപയാണ് ചെലവായത്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള 10 ക്ലാസ് മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്.

ഡി. കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി,  ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.