വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ മർദിച്ചു; എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്
എൽദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും കേസ്. വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയിലാണ് കേസെടുത്തത്. എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി.
ഇതിനിടെ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേശം തേടി. ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. അതുകൊണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. തെളിവ് ശേഖരണത്തിന് എല്‍ദോസിന്റെ കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും.
കഴിഞ്ഞദിവസങ്ങളിലെ ചോദ്യംചെയ്യലുകളില്‍ പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. 11 ഉപാധികളുടേയും അഞ്ചു ലക്ഷം രൂപയുടേയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.