എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലല്ല; അഭിഭാഷകന്‍ കോടതിയില്‍
ബലാത്സംഗ കേസ് ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലല്ലെന്ന് എംഎല്‍എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍. ഏതു സമയവും കോടതിക്ക് മുമ്പില്‍ ഹാജരാകാന്‍ എല്‍ദോസ് തയാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. പീഡനപരാതി എല്‍ദോസിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുളള നീക്കമാണെന്നാണ് വാദം. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അഭിഭാഷകന്‍ ആരോപിച്ചു.
അതേസമയം എസ്എച്ച്ഒക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ രൂക്ഷ വിമര്‍ശനമാമ് ഉയര്‍ത്തിയത്. സ്ത്രീയുടെ പരാതിയില്‍ കേസെടുത്തത് 12-ാം ദിവസം മാത്രമാണ്. എസ്എച്ച്ഒ ആര്‍ക്കോ വേണ്ടിയാണ് ഇത് ചെയ്തതെന്നും അത് ആരാണെന് കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എസ് എച്ച് ഒക്കെതിരെയും അന്വേഷണം നടക്കുകയാണ്. പ്രധാന തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കെപിസിസിയും കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.