Friday, January 10, 2025
Kerala

‘ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല’, വാർത്താസമ്മേളനമായി ചിലർ തെറ്റിദ്ധരിച്ചു’; രാജ്ഭവൻ

മാധ്യമ വിലക്കിൽ പുതിയ വിശദീകരണവുമായി രാജ് ഭവൻ. ഒരു മാധ്യമത്തെയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ലെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. അഭിമുഖം ചോദിച്ചവർക്ക് ഒന്നിച്ച് നൽകുകയാണ് ചെയ്‌തത്‌. വാർത്താ സമ്മേളനം എന്നതിനെ ചിലർ തെറ്റിദ്ധരിച്ചതായി രാജ്ഭവൻ അറിയിച്ചു. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്.

വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. ഗവർണര്‍ വിസി വിവാദം കത്തിനിൽക്കെ രാവിലെ പറഞ്ഞത് പൊതുവായ പ്രതികരണമില്ലെന്നായിരുന്നു. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല.

പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറ‍ഞ്ഞിട്ട് ചെയ്യാത്തവരെയും ഒഴിവാക്കിയെന്നും ഗവർണ്‍ വ്യക്തമാക്കി.മാധ്യമങ്ങളോട് മുഖം തിരിക്കാറില്ലെന്ന് പറഞ്ഞ ഗവർണര്‍ കേഡർ മാധ്യമ പ്രവർത്തകരുണ്ടെന്ന ആരോപണവും ഇന്നലെ ആവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *