Friday, April 11, 2025
Kerala

കൊച്ചിയിൽ വീണ്ടും കൊലപാതകം,കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കലൂര്‍: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.  കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിലുണ്ടായ ആറാമത്തെ കൊലപാതകം. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കലൂരിൽ അർദ്ധരാത്രി കുത്തിക്കൊന്നത്. 

കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കന്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർഷോയുമുണ്ടായിരുന്നു. ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട 24 വയസുകാരനായ രാജേഷ്. ഗാനമേളയ്ക്കിടെ രണ്ട് പേർ പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. ഇത് സംഘടകർ ചോദ്യം ചെയ്തു. 

രാജേഷ് അടക്കമുള്ളവർ ചേർന്ന് പ്രശനമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി പുറത്താക്കി. ഇതിൽ അമർഷം പൂണ്ട ഇരുവരും പരിപാടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ കല്ലുകൊണ്ട്  തലയ്ക്കടിയ്ക്കാൻ ശ്രമിച്ചത് രാജേഷിന്‍റെ സുഹൃത്തുക്കൾ തടഞ്ഞു. ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. 

ചോരയിൽ കുളിച്ച രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *