Sunday, January 5, 2025
Kerala

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവം ; മൂന്ന് പ്രതികൾ പിടിയിൽ, പരിക്കേറ്റ മൂന്നാമനെ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ നഗര മദ്ധ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികൾ  പിടിയിൽ. നെട്ടൂർ സ്വദേശി  ഹർഷാദ്, മരട് സ്വദേശി സുധീർ, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിക്ക് വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പിൽ റോഡിലാണ് കൊലപാതകം നടന്നത്. സംഘർഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു പാർട്ടിയിൽ പങ്കെടുത്ത് സുഹൃത്ത് അരുണിനൊപ്പം വരികയായിരുന്നു ശ്യാം. ഇരുവരും മദ്യലഹരിയിലായിരുന്നു. സൗത്ത് പാലത്തിന് സമീപം കുറച്ചാളുകൾ കുടിനിൽക്കുന്നത് കണ്ട് അവിടെക്ക് ചെന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വാക്ക് തർക്കവും സംഘർഷവുമായി. സംഘർഷത്തിനിടെ ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേറ്റു. 

സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേർ ഒരു വാഗണ്‍ ആർ കാറിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സൗത്ത് പാലത്തിന് അടുത്തുള്ള ഇടവഴികൾ രാത്രി പത്ത് മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. മൂന്ന് ദിവസം മുമ്പ് നോർത്ത് പാലത്തിലും കൊലപാതകം നടന്നിരുന്നു. ആ കേസിലെ പ്രതി ഇതുവരെ പിടിയിലായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *