ജിതിന്‍റെ ഷൂസ് ലഭിച്ചെന്ന് സൂചന; യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ആക്രമണ സമയം പ്രതിയായ ജിതിൻ ഉപയോഗിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. ജിതിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും. എകെജി സെന്‍റർ ആക്രണക്കസിലെ പ്രതിയായ ജിതിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്. എകെജി സെൻറർ ആക്രമിക്കാൻ സ്കൂട്ടറും സ്ഫോടക വസ്തുവും തരപ്പെടുത്തിയതിൽ ഗൂഡാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിച്ച കേസിലും സുഹൈലിനെ ചോദ്യം ചെയ്യാൻ രണ്ടു പ്രാവശ്യം പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. മുഖ്യമന്ത്രിക്കെതിരെ ആക്രണമുണ്ടായ വിമാനത്തിൽ സുഹൈലും സഞ്ചരിച്ചിരുന്നു. സുഹൈലിന്‍റെ ഫോണ്‍ വിശദാംശങ്ങളെടുത്തപ്പോഴാണ് ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. ഇതും എകെജി സെൻരർ ആക്രണത്തിലെ പ്രതിയിലേക്കുള്ള അന്വേഷണത്തിന് കാരണമായി.
ജിതിൻ ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്ന സ്കൂട്ടറും ടീ ഷട്ടും ഇതേവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ കഴക്കൂട്ടം-കുളത്തൂര്‍ ഭാഗങ്ങളിൽ ജിതിനുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ആക്രമണ സമയത്ത് ഉപയോഗിച്ച് ഷൂസ് കണ്ടെത്തിയെന്ന സൂചനയുണ്ട്. തെളിവെടുപ്പിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു വിവരങ്ങളും പുറത്തുപോകരുതെന്ന കർശന നിർദ്ദേശമാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകുന്നത്. പ്രതിയായ ജിതിനിലേക്ക് എത്തിയ വഴി സംബന്ധിച്ച അന്വേഷണ സംഘം നൽകിയ വിവരങ്ങള്‍ കോടതിയിൽ ചോദ്യം ചെയ്യാനും രാഷ്ട്രീയമായ വിവാദങ്ങള്‍ക്കും ഇടയായതോടെയാണ് നിർദ്ദേശം.