എ.കെ.ജി സെൻറർ ആക്രമണം; ജിതിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും ഇന്ന് പരിഗണിക്കും
എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ കസ്റ്റഡി അപേക്ഷയും, ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാൽ സ്കൂട്ടർ ആരുടേതാണെന്നോ എറിഞ്ഞ സ്ഫോടക വസ്തു ഏതാണെന്നോ പ്രതി വ്യക്തമാക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സംഭവ ദിവസം ഉപയോഗിച്ച ഫോണും സ്കൂട്ടറും അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഗൂഢാലോചന കൂടുതൽ പേർ ഉൾപ്പെട്ടിരിക്കുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മൺവിള സ്വദേശിയായ ജിതിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനെ കണ്ടെത്താൻ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാറും ടീഷർട്ടുമായിരുന്നു. ആക്രമണശേഷം സ്കൂട്ടർ കാറിന്റെ സമീപത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു.
കാർ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസിൽ നിർണായകമായത്. ആക്രമണ ശേഷം ജിതിൻ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറിൽ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷർട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷർട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളിൽ പ്രതി അണിഞ്ഞിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നു.