Wednesday, January 8, 2025
Kerala

കോഴിക്കോട് ഡി.എഫ്.ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോൺ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങൾക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ബഫർ സോണ്‍ സംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഓ എം.രാജീവന്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഇന്നലെ യോഗം സംഘടിപ്പിച്ചത്. ആക്ഷൻ കമ്മറ്റി പ്രവർത്തകരും കട്ടിപ്പാറ പ‍ഞ്ചായത്ത് അധികൃതരും കർഷക സംഘടനകളും യോഗത്തിനെത്തിയിരുന്നു. യോഗം കഴിഞ്ഞ് മടങ്ങവേയാണ് ഒരു വിഭാഗം ഡിഎഫ്ഓയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

കട്ടിപ്പാറ, കൂരാച്ചുണ്ട്, കാന്തനാട് തുടങ്ങിവന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെടുന്നുണ്ട്. ഇത് നാട്ടുകാർക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം കർഷകരുടെയും നാട്ടുകാരുടെയും ആശങ്കകള്‍ പരിഹരിച്ച ശേഷമെ അന്തിമ വിജ്ഞാപനം നിലവിൽ വരൂ എന്ന് ഡിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. വില്ലേജ് വിഭജനത്തിന് മുൻപുള്ള ഭൂപടം ഒരു വിഭാഗം പ്രചരിപ്പിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നുമാണ് ഡിഎഫ്ഒയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *