Wednesday, January 8, 2025
Kerala

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട് ,കുഴിച്ചു മൂടിയ സ്ഥലം ,സ്വർണം വില്പന നടത്തിയ ആഭരണശാല എന്നിവടങ്ങളിൽ ആണ് തെളിവെടുപ്പ് നടത്തുക.പ്രതികളായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു, അച്ഛൻ, സഹോദരങ്ങൾ, സുഹൃത്ത് എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിൽ വാങ്ങിയത്.

ഇക്കഴിഞ്ഞ 11 ന് കാണാതായ തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് സ്വദേശി സുജിതയെയാണ് വിഷ്ണുവും സംഘവും കൊന്ന് കുഴിച്ചു മൂടിയത്.സുജിതയെ കാണാതായ അന്ന് രാവിലെ തന്നെ ജോലി സ്ഥലത്ത് നിന്ന് വിഷ്ണു യുവതിയെ തന്റെ വീട്ടിലെത്തിക്കുകയായിരുന്നു. വിഷ്ണുവും സഹോദരങ്ങളായ വൈശാഖ് ,വിവേക് എന്ന ജിത്തു ,സുഹൃത്ത് ഷിഹാൻ എന്നിവർ ചേർന്ന് സുജിതയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായി ജനലിൽ മൃതദേഹം കെട്ടിത്തൂക്കി. സ്വർണാഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.സംഘം രാത്രിയിൽ എത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ മാലിന്യ കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങൾ പിതാവ് മുത്തുവിനും അറിയാമായിരുന്നു

സുജിതയെ കാണാതായത് മുതലുള്ള തിരച്ചിലിന് വിഷ്ണുവും നാട്ടുകാർക്കും പൊലീസിനും ഒപ്പം കൂടി. സുജിതയെകാണാനില്ലെന്ന കരുവാരക്കുണ്ട് പൊലീസിന്റ ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ച് വിഷ്ണു അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമവും നടത്തി. സുജിതയെ കണ്ടെത്താനാവാത്തതിൽ പൊലീസ് അനാസ്ഥ ആരോപിച്ചു യുഡിഎഫ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനിരിക്കെയാണ് യൂത്ത് കോൺഗ്രസ് നേതാവും സംഘവും തന്നെ പിടിയിലായത്.

അതിനിടെ തുവ്വൂർ കൊലക്കേസ് പ്രതി ഡിവൈഎഫ്‌ഐക്കാരൻ ആണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വി.ഡി സതീശന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *