Monday, April 14, 2025
Kerala

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; അഞ്ച് കുത്തുകളേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഒറ്റപ്പാലത്ത് 24 കാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട ആഷിക്കിന്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നെഞ്ചിൽ ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണമെന്നും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുണ്ടെന്നും പറഞ്ഞു. പ്രതി ഫിറോസിനെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഡിസംബർ 17നാണ് അഴിക്കലപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്.

പ്രതി ഫിറോസും മരിച്ച ആഷിഖും ആറിലധികം കേസുകളിൽ പ്രതികളാണ്. ഫിറോസ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത് ഇരുവരും തർക്കമുണ്ടാവാൻ കാരണമായെന്നും അത് കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞിരുന്നു. ഒറ്റപ്പാലം പാലപ്പുറത്ത് കഴിഞ്ഞ ദിവസമാണ് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയതായി പ്രതി മൊഴി നൽകിയത്. മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ലക്കിടി സ്വദേശി മുഹമ്മദ് ആഷിഖിനെ കൊലെപ്പടുത്തിയ കാര്യം സമ്മതിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ മോഷണ കേസിലാണ് പട്ടാമ്പി പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് കൊലപാതക വിവരം ഫിറോസ് പൊലീസിനോട് പറഞ്ഞത്.പാലപ്പുറത്തെ പറമ്പിൽ ആഷിഖിനെ കുഴിച്ച്മൂടിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്.

തുടർന്ന് പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിലെ പൊലീസുകാരും, ഫോറൻസിക് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഡിസംബർ 17 ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഫിറോസ് മൊഴി നൽകിയത്. ആഷിഖിന്റെ മൃതദേഹം തന്നെയാണെന്ന് പിതാവ് ഇബ്രാഹീം സ്ഥിരീകരിച്ചു. മൃതദേഹത്തിന് രണ്ട് മാസം പഴക്കം ഉള്ളതിനാൽ ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്ന് എസ്.പി അറിയിച്ചു. ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിൽ ഉൾപെട്ടവരാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *