നടിയെ ആക്രമിച്ച കേസ് വഴി തിരിച്ചുവിടാൻ ഷോൺ ജോർജ് ശ്രമിച്ചു; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
നടിയെ ആക്രമിച്ച കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപെട്ടാണ് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇന്ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ്. വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
കേസിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. ഒരു സിനിമാ പ്രവർത്തകനും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.