Monday, January 6, 2025
Kerala

സര്‍വകലാശാലാ നിയമന ക്രമക്കേട്; അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവന്‍

സര്‍വകലാശാലകളിലെ നിയമന ക്രമക്കേട് വിഷയത്തിലെ അന്വേഷണത്തിന് വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവന്‍. ക്രമക്കേട് അന്വേഷിക്കാനുള്ള സമിതിയുടെ കാര്യത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യും. സമിതിയിലെ അംഗങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.

നിയമവിദഗ്ധര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, ഭരണഘടനാ വിദഗ്ധര്‍ എന്നിവരോട് വിഷയത്തില്‍ ഉപദേശം തേടും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വി സി ഗോപിനാഥ് രവീന്ദ്രനെതിരെയും അന്വേഷണം നടത്തിയേക്കും. എന്നാല്‍ വിസിക്ക് പ്രത്യേകമായി നോട്ടീസ് അയച്ച് വിശദീകരണം തേടേണ്ടതില്ലെന്നാണ് രാജ്ഭവന്‍ സ്വീകരിക്കുന്ന നിലപാട്.

സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ തുടങ്ങി തുറന്ന പോരിലേക്ക് നീങ്ങിയ സര്‍ക്കാര്‍ ഗവര്‍ണര്‍ തമ്മിലടിയില്‍ രാജ്ഭവന്‍ നീക്കങ്ങള്‍ എന്തെന്നാണ് ഇനി അറിയേണ്ടത്. വിസിക്കെതിരായ നടപടി, തനിക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍വ്വകലാശാല നടപടിയില്‍ വിശദീകരണം തേടല്‍, ചരിത്ര കോണ്‍ഗ്രസ് ആക്രമണ ആരോപണത്തിലെ തുടര്‍ നടപടി അങ്ങനെ വിഷയങ്ങള്‍ ധാരാളമുണ്ട്.

കണ്ണൂര്‍ വിസിക്കെതിരെ കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ നടപടിയെന്ന് ഗവര്‍ണര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണം നടന്നെന്ന ആരോപണം ഗവര്‍ണര്‍ തുര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്. നിലവിലെ വിവാദങ്ങള്‍ക്കിടെ കവര്‍ഫയര്‍ എന്ന നിലയില്‍ വിഷയം ഗവര്‍ണര്‍ ഉപയോഗപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ കേസെടുത്തില്ലെന്ന ആക്ഷേപം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *