കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ല, ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റി: സുധാകരൻ
കണ്ണൂർ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു. കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.
സുധാകരനെതിരെ നടക്കുന്നത് സി പി എമ്മിന്റെ രാഷ്ട്രീയ വേട്ടയാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. സിപിഎമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അതിന്റെ ഭാഗമായാണ് അറസ്റ്റുണ്ടായതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
അതിനിടെ തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണെന്നാരോപിച്ച് സിപിഎം നേതാവ് എകെ ബാലൻ രംഗത്തെത്തി. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ ആരോപണത്തോട് പ്രതികരിക്കാൻസുധാകരൻ തയ്യാറായില്ല. എ കെ ബാലനും ഗോവിന്ദനും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ലെന്നും പരാതിക്ക് പിന്നിൽ കോൺഗ്രസുകാരൻ ആണെങ്കിൽ ആ പേര് പുറത്തു വരട്ടെെന്നും അതിന് ശേഷം
പ്രതികരിക്കാമെന്നും സുധാകരൻ പറഞ്ഞു.