സുധാകരൻ പഴയ കോൺഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റാണ്; ജാഗ്രത പാലിച്ചില്ലെന്ന് പി.ജയരാജൻ
കെ.സുധാകരൻ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്ന് പി.ജയരാജൻ. കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല , അദ്ദേഹം കെപിസിസി പ്രസിഡന്റാണ്. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു.
കെ സുധാകരൻ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട ജാഗ്രത കാണിച്ചില്ലെന്ന് മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയിൽ എന്താണ് പറയാനുള്ളത്.
എസ്എഫ്ഐയ്ക്ക് ഗൗരവമായ തെറ്റ് പറ്റിയെന്ന് ചിത്രീകരിക്കുന്നു. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിക്കുന്നത്. സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുത്. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷണ സംഘത്തോടും പൊതു സമൂഹത്തോടും സുധാകരൻ പറയട്ടെയെന്നും പി ജയരാജൻ പ്രതികരിച്ചു.
അതേസമയം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന മോൻസന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്. ആരോപണത്തിൽ വസ്തുത ഇല്ല. ശിക്ഷവിധി കഴിഞ്ഞ കേസിൽ വീണ്ടും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിൽ വസ്തുത ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കെ സുധാകരന്റെ പേര് മൊഴിയിൽ ഉണ്ടായിരുന്നില്ല. ശിക്ഷാവിധി കഴിഞ്ഞ ശേഷം ഒരാളുടെ പേര് പറയാൻ പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചു.
പോക്സോ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും സുധാകരൻ്റെ പേര് പറയിക്കാൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മോൻസൻ കോടതിയിൽ പറഞ്ഞത്. സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിർബന്ധിച്ചു. കെ.സുധാകരൻ്റെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി .പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നും മോൻസൺ മാവുങ്കൽ കോടതിയിൽ പറഞ്ഞിരുന്നു.