Tuesday, January 7, 2025
Kerala

ബസിന് മുന്നിൽ കൊടി കുത്തിയ സംഭവം; സർവീസ് ആരംഭിക്കാനെത്തിയ ബസുടമയെ സിഐടിയു മർദിച്ചതായി പരാതി

കോട്ടയം തിരുവാർപ്പിൽ സ്വകാര്യാ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവത്തിൽ ആരോപണവുമായി ബസുടമ. കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി രാജ്‌മോഹൻ ആരോപിച്ചു. അതേസമയം കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു പറഞ്ഞു.

തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പിൽ സിഐടിയു കൊടികുത്തി നിശ്ചലമാക്കിയ ബസ്‌ പൊലീസ് സംരക്ഷണത്തോടെ ഓടിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇന്ന് രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഐഎം നേതാക്കൾ തടഞ്ഞു നിർത്തി. കൊടിതോരണം നീക്കുന്നതിനിടെയാണ് രാജ്മോഹനെ ഇവർ തടഞ്ഞത്.

കൊടി മാറ്റാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന സിപിഐഎം പ്രവർത്തകൻ തന്നെ മർദിച്ചതായി രാജ്മോഹൻ ആരോപിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് തന്നെ മർദിച്ചതെന്നും ബസുടമ പറഞ്ഞു രാജ്‌മോഹനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്മോഹനെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം രാജ്മോഹനെ മർദിച്ചിട്ടില്ലെന്നാണ് സിഐടിയു പറയുന്നത്. കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിശദീകരണം. ബസ് സർവീസ് നടത്തുന്നതിന് തടസമില്ലെന്നും സിഐടിയു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *