മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് മുന്നിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം
മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് മുന്നിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപരുടെ സംഘം. സംഭവത്തിൽ തോട്ടപ്പടി സ്വദേശികളായ നൗഫൽ, അജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം അരങ്ങേറിയത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ഓഡിറ്റോറിയത്തിന് സമീപം ആൺകുട്ടികളും പെൺകുട്ടികളും ഇരിക്കുന്നത് ശ്രദ്ധിച്ചു. ഇതേതുടർന്ന് ഇവർ വലിയ രീതിയിലുള്ള ഭീഷണിയാണ് വിദ്യാർത്ഥികൾക്ക് നേരെ മുഴക്കിയത്. സെക്യൂരിറ്റി ജീവനക്കാരൻ ഇത് തടയാൻ ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റി ജീവനക്കാരന് നേരെ ഇവർ കത്തി വീശി ഭീഷണിപ്പെടുത്തി. സംഘത്തെ തടയാൻ പോലും കഴിയാത്ത വിധത്തിലുള്ള അഴിഞ്ഞാട്ടമായിരുന്നു ഇവർ നടത്തിയത് എന്നാണ് വ്യക്തമാവുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു. ഇവർ മദ്യലഹരിയിലായിരുന്നു എന്നാണ് പറയുന്നത്. പക്ഷേ ശക്തമായ രീതിയിലുള്ള നടപടി വേണ്ടയിടത്ത് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുന്ന നടപടിയിലേക്ക് പൊലീസ് എത്തിയതിനെതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.