Wednesday, January 8, 2025
Kerala

സിഐസി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാര്‍ത്ഥികളും അംഗങ്ങളും; സാദിഖലി തങ്ങളുടെ നിലപാട് നിര്‍ണായകം

സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജെസ്‌) വിവാദത്തില്‍ സമസ്തയ്‌ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് വിദ്യാര്‍ത്ഥികളും സിഐസി അംഗങ്ങളും. സമസ്തയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നും കൂടുതല്‍ പേര്‍ രാജിവച്ചേക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമസ്ത നേതാക്കള്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ സാദിഖലി തങ്ങള്‍ ഇനിയെന്ത് നീക്കമാണ് നടത്തുകയെന്നത് നിര്‍ണായകമാണ്.

സിഐസിയുടെ ചട്ടപ്രകാരം സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഹക്കീം ഫൈസി ആദൃശേരി രാജി സമര്‍പ്പിക്കേണ്ടത് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കല്ല. മറിച്ച് ജനറല്‍ ബോഡിക്കാണ്. എന്നാല്‍ പാണക്കാട് കുടുംബത്തോടുള്ള ബഹുമാന സൂചകമായാണ് സമസ്തക്ക് മുന്നില്‍ വഴങ്ങിയ പാണക്കാട് തങ്ങള്‍ ഹക്കിം ഫൈസിയോട് രാജി ആവശ്യപ്പെട്ടപ്പോള്‍ രാജിവെക്കാന്‍ ഹക്കിം ഫൈസി തയ്യാറായത്. പക്ഷെ നിയമപ്രകാരം അത് നിലനില്‍ക്കില്ല എന്നതുകൊണ്ടാണ് സമസ്ത നേതാക്കളോടും, പാണക്കാട് തങ്ങളോടും ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തില്‍ നിന്ന് ഇരുവിഭാഗവും തുടര്‍ച്ചയായി ഒഴിഞ്ഞ് മാറുന്നത.

നിലവില്‍ സമസ്തയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇനിയും കൂടുതല്‍ രാജി ഉണ്ടാകും. സി ഐ സി യിലെ വിവിധ വകുപ്പ് മേധാവികളടക്കം 130 പേരാണ് ഇതുവരെ രാജിവെച്ചത്.ഇതിന് പുറമെ ഒമ്പതിനായിരത്തോളം വരുന്ന വാഫി – വഫിയ്യ വിദ്യാര്‍ത്ഥികളുടെ ഔദ്യോഗിക വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഇതില്‍ പലരും താല്‍ക്കാലികമായി പഠനം നിര്‍ത്തി വീടുകളിലേക്ക് മടങ്ങി. ഈ ഗുരുതരമായ സാഹചര്യം മറികടക്കുക എന്ന വലിയ കടമ്പയാണ് പാണക്കാട് തങ്ങള്‍ക്ക് മുമ്പിലും, സമസ്തക്ക് മുമ്പിലും ഉള്ളത്.

പരീക്ഷ അടുത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കാതെ വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമസ്തക്ക് ആകണം.വ അതിന് ആയില്ലങ്കില്‍ ഇനിയുള്ള ദിവസം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

Leave a Reply

Your email address will not be published. Required fields are marked *