ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശ്ശേരി രാജിവച്ചു. രാജിക്കത്ത് സിഐസി പ്രസിഡന്റ് കൂടിയായ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഹക്കീം ഫൈസി കൈമാറി. സമസ്തയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
വിവാദങ്ങൾ അവസാനിപ്പിക്കാൻ ഹക്കീം ഫൈസി രാജിവയ്ക്കണമെന്ന നിലപാടിൽ സമസ്ത ഉറച്ചുനിന്നതോടെയാണ് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെട്ടതാണെന്നാണ് സൂചന. സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി.
സംഘടനാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്ന് ഹക്കീം ഫൈസിയെ പുറത്താക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ വിദ്യാർത്ഥി, യുവജന വിഭാഗം കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ തീരുമാനം ലംഘിച്ച് യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ സാദിഖലി തങ്ങൾ കഴിഞ്ഞദിവസം ഹക്കീം ഫൈസിക്കൊപ്പം വേദി പങ്കിട്ടിരുന്നു.