വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ ക്രമക്കേടുകള്‍ പുറത്ത്; ഒപി-ഐപി രേഖകള്‍ നിര്‍മിച്ചതും കൃത്രിമമായി
കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വന്‍ ഗൂഡാലോചനയെന്ന് കണ്ടെത്തല്‍. മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് അടക്കമുള്ള കൂടുതല്‍ ജീവനക്കാര്‍ക്ക് വ്യാജ രേഖ നിര്‍മിച്ചതില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ ചോദ്യം ചെയ്‌തേക്കും.
കേവലം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറില്‍ മാത്രം ഒതുങ്ങുന്നതല്ല കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ .ഒ പി – ഐ പി നമ്പരുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. ജനുവരി 12നാണ് സുനിത എസ് എന്ന പേരില്‍ പ്രസവത്തിനായി 43 കാരിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുവെന്ന് ജനന റിപ്പോര്‍ട്ടില്‍ പറയുന്നന്നത്. 31 ന് പ്രസവിച്ചെന്നും പെണ്‍കുഞ്ഞാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗൈനോക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ധന്യ പോള്‍ യുവതിയെ നോക്കിയെന്നാണ് രേഖ. ഇത് പ്രകാരമാണ് 31 ന് ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയതും പിന്നീട് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതും. കൂടുതല്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാജരേഖയില്‍ പേരുള്ള ഡോക്ടര്‍ ധന്യ പോളിനെ ചോദ്യം ചെയ്യാനാണ് തീരുമാനം.
അതിനിടെ ആരോഗ്യ വകുപ്പിന്റെ മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ എജൂക്കേഷന്‍ സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കളമശേരി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പൊലീസ് ലാത്തിചാര്‍ജില്‍ ഒരു പ്രവര്‍ത്തകന് പരുക്കേറ്റു.