Saturday, October 19, 2024
Kerala

വാളയാർ കേസ്; അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ

വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞെന്നും വിമർശനം. കേസിലെ സിബിഐ തുരടന്വേഷണം പുരോഗമിക്കവേയാണ് കുടുംബത്തിന്റെയും സമരസമിതിയുടെയും ആശങ്ക.

ഒരുഭാഗത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത് അനുസരിച്ച് അഡ്വക്കേറ്റ് രാജേഷ് മേനോന്റെ നിയമനം സിബിഐയുടെ അനുമതിക്ക് നൽകിയതാണെന്ന് കാണിച്ച് 3 കത്തുകൾ അയക്കുമ്പോൾ തന്നെ പ്രോസിക്യൂട്ടർ നിയമനം വേഗത്തിലാക്കാനായി ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ പരിഗണിച്ചപ്പോൾ സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ ഡിജിപി, കോടതിയെ തീരുമാനം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെയും സമരസമിതിയുടേയും പരാതി. പകരം നിയമനത്തിനെതിരെ സർക്കാർ പ്രതിനിധി നിലപാടെടുത്തെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു.

കേസിലെ നിജസ്ഥിതി പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ മാറ്റി നിർത്താനുള്ള ചരടുവലികൾ നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകൾ അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇവർ പറയുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു.നിലവിൽ അന്വേഷണ സംഘത്തിന് ഒപ്പം എത്തുന്ന വ്യക്തി കൃത്യതയോടെ വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് പറഞ്ഞ് നൽകാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും പെൺകുട്ടികളുടെ അമ്മ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published.