Sunday, April 13, 2025
Kerala

സ്‌കൂൾ സമയമാറ്റം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ല; ബിജെപി

സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്.

മുൻപ് സമയക്രമം മാറ്റാനുള്ള തീരുമാനം എടുത്തപ്പോൾ മുസ്‍ലിം ലീഗ് അടക്കമുള്ളവർ എതിർത്തു. മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു.

വിദ്യാർഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചർച്ച ചെയ്താണ് സമയക്രമം തീരുമാനിക്കേണ്ടത്.സർക്കാരും കരിക്കുലം കമ്മിറ്റിയുമൊക്കെ ചേർന്നാണ് സമയക്രമം നിശ്ചയിക്കുകയെന്നും എം.ടി.രമേശ് പറഞ്ഞു.

പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാം. ക്ലാസുകളിലെന്ന പോലെ സ്കൂളുകളിലും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *