ബത്തേരി തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോൺ സംഭാഷണം പരിശോധിക്കാൻ ഉത്തരവ്
ബത്തേരി തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണ രേഖ പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്. ബത്തേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസ് നൽകിയ അപേക്ഷയിൽ കൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് അനുമതി നൽകിയത്
ഇരുവരും ഒക്ടോബർ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദസാമ്പിളുകൾ നൽകാൻ കോടതി നിർദേശിച്ചു. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്ദരേഖയാണ് പ്രസീത പുറത്തുവിട്ടത്. സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ കോഴ നൽകിയതായും നേരത്തെ വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശവും പുറത്തുവന്നത്.