നാടിനെ നടുക്കിയ സിപ്‌സി; അന്ന് സംഭവിച്ചതെന്ത് ?
കേരളക്കരയെ കണ്ണീരിലാഴ്ത്തിയ കേസായിരുന്നു കൊച്ചിയിൽ ഒന്നര വയസുകാരി കൊല്ലപ്പെട്ട സംഭവം. പിന്നീട് നാടിനെ നടുക്കി കൊലപാതക കേസിൽ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റിലാവുകയായിരുന്നു.
2022 മാർച്ചിലാണ് സംഭവം നടക്കുന്നത്. അങ്കമാലി സ്വദേശിനി സിപ്‌സിയും കാമുകൻ ജോൺ ബിനോയ് ഡിക്രൂസും ദമ്പതിമാരാണെന്ന് പറഞ്ഞ് കലൂരിലെ ഹോട്ടലിൽ മുറിയെടുത്തു. മാർച്ച് ഏഴിന് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സിപ്സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവർ ജീവനക്കാരോട് പറഞ്ഞു. ഉടൻതന്നെ കുഞ്ഞിനെ മുറിയിൽനിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവർക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
കുട്ടി ഛർദ്ദിച്ചെന്ന് പറഞ്ഞ് പുലർച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞതെന്ന് പിന്നീട് സിപ്‌സി പൊലീസിന് മൊഴി നൽകി. എട്ടുകൊല്ലമായി ജോൺ ബിനോയ് ഡിക്രൂസ് തൻറെ സൂഹൃത്താണ്. മകൻ സജീവൻറെ കുട്ടികളുമായി കൊച്ചിയിൽ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോൺ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപ്‌സി പറഞ്ഞത്.
പൊലീസ് പറഞ്ഞപ്പോഴാണ് തൻറെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു.
കേസിൽ ഒന്നാം പ്രതി ബിനോയ് ആണ്. രണ്ടാം പ്രതിയാണ് സിപ്‌സി.