Monday, April 14, 2025
Kerala

സിപ്‌സി പണ്ടേ കുപ്രസിദ്ധ; ജോണിനെ അടിമയെ പോലെ കൊണ്ടുനടന്നു; പക ഒടുവിൽ നോറയുടെ ജീവനെടുത്തു

 

കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീർക്കാനാണ് ഒന്നര വയസ്സുകാരി നോറയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺ ബിനോയ് ഡിക്രൂസ് പറഞ്ഞു.

50കാരിയാണ് സിപ്‌സി. ഇവരുടെ കാമുകനാണ് 27കാരനായ ജോൺ ബിനോയ്. സിപ്‌സിയിൽ നിന്ന് അകലാൻ ജോൺ പലതവണ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തിയും കേസ് കൊടുത്തുമൊക്കെ തന്റെ അടിമയെ പോലെ ഇവർ ജോണിനെ ഒപ്പം നിർത്തുകയായിരുന്നു.

നോറ തന്റെ മകളാണെന്നും കുട്ടിയുടെ അച്ഛൻ ജോൺ ആണെന്നുമാണ് സിപ്‌സി പറഞ്ഞിരുന്നത്. ഇത് ജോണിനെ പിടിച്ചുവെക്കാനുള്ള ഇവരുടെ തന്ത്രമായിരുന്നു. ജോൺ ജോലി ചെയ്തിരുന്ന സ്ഥലത്തും ജോണിന്റെ വീട്ടിലുമൊക്കെ നോറയുമായി സിപ്‌സി ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. നോറ തനിക്ക് ജോണിലുണ്ടായ കുട്ടിയാണെന്നാണ് ഇവർ പറഞ്ഞിരുന്നത്

ഈ സംഭവങ്ങളെല്ലാം വലിയ നാണക്കേടിലേക്ക് ജോണിനെ നയിച്ചിരുന്നു. ഒപ്പം പകയും വളർന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ സിപ്‌സി ഹോട്ടൽ മുറിയിൽ രണ്ട് കുട്ടികളെ ജോണിനൊപ്പം വിട്ട് രാത്രി സഞ്ചാരത്തിന് ഇറങ്ങി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഇവർ പരിഭ്രാന്തയായി തിരികെ എത്തുന്നതും കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും. ഈ സമയത്തിനിടക്കാണ് ജോൺ കുട്ടിയെ കൊലപ്പെടുത്തിയത്.

കുട്ടി അനങ്ങുന്നില്ലെന്ന വിവരമാണ് ജോൺ സിപ്‌സിയെ വിളിച്ചറിയിച്ചത്. എന്നാൽ ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തുകയും കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു.

ക്രിമിനൽ പശ്ചാത്തലം നേരത്തെയുള്ള ആളാണ് സിപ്‌സി. കഴിഞ്ഞ വർഷം അങ്കമാലിയിൽ 20കാരിയെ സ്‌കൂട്ടർ ഇടിച്ച് വീഴ്ത്തുകയും മർദിക്കുകയും ചെയ്ത ഇവരെ നാട്ടുകാർ കൂടി ഇടപെട്ടാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പല കേസുകളിലായി പോലീസ് പിടികൂടാൻ എത്തുമ്പോൾ വിവസ്ത്രയായി ഓടി രക്ഷപ്പെടുന്നതും ഇവരുടെ തന്ത്രമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *