Saturday, January 4, 2025
Kerala

മറ്റു വകുപ്പുകൾ ചുമത്താനായി തൊപ്പിയുടെ ലാപ്ടോപ്പിൽ ഒന്നുമില്ല; യുട്യൂബ് ബ്ലോക്കും

മലപ്പുറം: യൂ ട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റു തെളിവുകൾ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ കോടതിയിൽ സമർപ്പിച്ചു. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും.

നിഹാദിന്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വളാഞ്ചേരി സ്റ്റേഷനിൽ വെച്ച് പൊലീസ് വിശദമായി ഇതു പരിശോധിച്ചിരുന്നു. എന്നാൽ മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. ഈ ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കർശന നിബന്ധനയോടെയാണ് യൂ ട്യൂബറെ ഇന്നലെ വൈകീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാകണം. പരാതികൾ ഉയർന്നതിനെത്തുടർന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടികളെടുക്കും. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം.

പൊതുയിടത്തിൽ അശീല പരാമർശങ്ങൾ നടത്തി ഗതാഗതം തടസപ്പെടുത്തി എന്ന കേസിൽ തൊപ്പിയെ ഇന്നലെ പുലർച്ചെ ആണ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തത്. കണ്ണപുരം പൊലീസ് ഇന്നലെ വൈകീട്ട് വളാഞ്ചേരി സ്റ്റേഷനിൽ എത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

നേരത്തെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ തൊപ്പി നിഹാദ് പോസ്റ്റ് ചെയ്തിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തെത്തിയത്. പൊലീസിന്റെ ഈ തിടുക്കപ്പെട്ട നടപടി ഒട്ടും ശരിയായില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഒരു മണിക്കൂറോളം വാതിൽ തുറക്കാതിരുന്നെന്നും ഒടുവിൽ വാതിൽ പൂർണ്ണമായും ലോക്ക് ആയിപ്പോയ ഘട്ടത്തിലാണ് ചവിട്ടിത്തുറന്നതെന്നുമായിരുന്നു പൊലീസ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *