Monday, January 6, 2025
Kerala

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ

യൂട്യൂബർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ലോക്ക് ജാമായതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏറെ വൈകാതെ ഇയാളെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിക്കും.

ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്‌ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *