Saturday, January 4, 2025
Kerala

വ്യാജ ഡിഗ്രിക്ക് ചെലവായത് 2 ലക്ഷം, പിന്നിൽ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി, തയ്യാറാക്കിയത് കൊച്ചിയിൽ: നിഖിൽ

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തുറന്ന് പറഞ്ഞ് എസ്എഫ്ഐ മുൻ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി അബിൻ സി രാജുവാണ്. ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണ്. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജുവാണ്. ഡിഗ്രിക്ക് വേണ്ടി 2 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും നിഖിൽ തോമസ് മൊഴി നൽകി.

എം സി റോഡിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് നിഖിലിനെ പിടികൂടിയത്. രാത്രി എട്ടോടെ കോഴിക്കോട്ട് നിന്ന് തിരിച്ച ഒരു ബസിൽ നിഖിലിനെ പോലെ ഒരാൾ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയിരുന്നു. തിരുവനന്തപുരത്തേക്കുള്ള ബസെന്നായിരുന്നു വിവരം. കോഴിക്കോട് സ്റ്റാൻഡിൽ നിന്ന് ആ സമയങ്ങളിൽ പുറപ്പെട്ട ബസുകളുടെ വിവരം ശേഖരിച്ചു. തുടർന്ന് അടൂർ, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ ഓരോ ബസും നിർത്തി പരിശോധിച്ചു. ഒന്നരയോടെ കോട്ടയം സ്റ്റാൻറിലേക്ക് വന്ന ബസിലാണ് നിഖിലിനെ കിട്ടിയത്. കൊട്ടാരക്കര എത്തിയ ശേഷം കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു നിഖിലെന്ന് പൊലീസ് പറഞ്ഞു. കൈയിലെ പണം മുഴുവൻ തീർന്നിരുന്നു. മൊബൈൽ ഫോൺ നിഖിൽ ഓടയിൽ വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

കായംകുളത്ത് എത്തിച്ച പ്രതിയെ ഇവിടെ വെച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വാർത്ത പുറത്ത് വന്നതിന് പിന്നാലെ കായംകുളം വിട്ട നിഖിൽ തോമസ്, പിന്നീട് തിരുവനന്തപുരം, വർക്കല എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കായംകുളത്തേക്ക് മടങ്ങി. പിന്നീട് വീഗാലാന്റിലേക്ക് പോയി. അവിടെ നിന്ന് കായംകുളത്തേക്ക് മടങ്ങി. അന്ന് രാത്രി തന്നെ കോഴിക്കോടേക്ക് പോയി. തിരികെ കൊട്ടാരക്കരയ്ക്ക് ബസിൽ കയറി. കോട്ടയത്ത് എത്തിയപ്പോൾ പിടിയിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *