Monday, January 6, 2025
Kerala

മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം; കുപ്രസിദ്ധ മോഷണസംഘം ‘ബാപ്പയും മക്കളും’ പിടിയിൽ

‘ബാപ്പയും മക്കളും’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കോഴിക്കോട് പിടിയിൽ. മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് വീണ്ടും അറസ്റ്റിലായത്. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ചക്കിൻകടവ് സ്വദേശി ഫസലുദീൻ എം പി, മകൻ ഫാസിൽ, ഫസലുദീന്റെ സഹോദരന്റെ മകൻ മുഹമ്മദ് ഷിഹാൻ, ഫാസിലിന്റെ സുഹൃത്തുക്കളായ മാത്തോട്ടം സ്വദേശി അൻഷിദ്, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. മോഷണ മുതൽ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. ഡിസിപി കെ.ഇ. ബൈജുവിന്റെ നിർദേശ പ്രകാരം മെഡിക്കൽ കോളേജ് എസ്എച്ഓ എം എൽ ബെന്നി ലാലുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മലാപ്പറമ്പിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണുകൾ അടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും ഇവരിൽ നിന്ന് കണ്ടെടുത്തു. നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണക്കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ഇവർ ഈ മാസം ആറിനാണ് ജാമ്യത്തിൽ ഇറങ്ങിയത്.

മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽനിന്ന് 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്റ്റേഷൻ പരിധിയിൽ മൊബൈൽ ഫോൺ മോഷണവും നടന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാകുകയായിരുന്നു. എസ്ഐമാരായ രതീഷ് ഗോപാൽ, റസൽ രാജ്, എഎസ്ഐമാരായ ശ്രീജയൻ, ഷൈജു, സിപിഓമാരായ ശ്രീകാന്ത്, പ്രജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *